International
ആർട്ടിക് ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച് ചൈന

ബീജിങ്: വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച് ചൈനീസ് ഗവേഷണ സ്ഥാപനം. ബീജിങ് ആസ്ഥാനമായുള്ള സിനോജെന്‍ ബയോടെക്നോളജി എന്ന സ്ഥാപനമാണു ക്ലോണിങ്ങിൽ പ്രതീക്ഷ നൽകുന്ന നേട്ടം കൈവരിച്ചത്. മായ എന്നാണ് ചെന്നായയ്ക്ക് ഗവേഷകർ നൽകിയ പേര്. ബീജിങിലെ ലാബില്‍ ജനിച്ച മായയ്ക്ക് 100 ദിവസം പ്രായമുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ്.
മായയുടെ വിഡിയൊ ദൃശ്യവും കമ്പനി പുറത്തുവിട്ടു. ധ്രുവച്ചെന്നായ, വെള്ളച്ചെന്നായ എന്നീ പേരുകളിലും അറിയപ്പെടുന്നവയാണ് ആർട്ടിക് ചെന്നായ. ക്യാനഡയിലെ ക്വീൻ എലിസബത്ത് ദ്വീപുകളിലുള്ള ഉത്തര ആർട്ടിക് അതിശീതമേഖലകളിലാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യരുടെ കടന്നുകയറ്റവും കാലാവസ്ഥാ വ്യതിയാനവുമടക്കം വെല്ലുവിളികൾ നേരിടുന്ന ഈ ജീവിവർഗത്തിന്റെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നതിനിടെയാണു ക്ലോണിങ്ങിലെ വിജയം.
പെണ് ആര്‍ട്ടിക് ചെന്നായയുടെ തൊലിപ്പുറത്തു നിന്നാണു ഡോണർ സെൽ എടുത്തത്. അണ്ഡകോശം പെൺനായയുടേത്. ബീഗിൾ ഇനത്തിൽപ്പെട്ട നായയുടെ ഗർഭത്തിലാണ് ഇവ സംയോജിപ്പിച്ചു വളർത്തിയെടുത്തത്. കാട്ടുചെന്നായയുമായുള്ള ജനിതക ബന്ധം പരിഗണിച്ചാണു വാടക ഗർഭത്തിനു ബീഗിൾ ഇനത്തിലുള്ള നായയെ തെരഞ്ഞെടുത്തതെന്നു റിപ്പോർട്ടിൽ പറയുന്നു.
പെണ് നായയുടെ ന്യൂക്ലിയേറ്റഡ് അണ്ഡകോശങ്ങകളില് നിന്നും ചെന്നായയുടെ സൊമാറ്റിക് കോശങ്ങളില്‍ നിന്നുമായി 137 പുതിയ ഭ്രൂണങ്ങളാണു സൃഷ്ടിച്ചത്. ഏഴു ബീഗിളുകളുടെ ഗർഭപാത്രങ്ങളിലായി 80ലേറെ ഭ്രൂണങ്ങൾ നിക്ഷേപിച്ചു. അതിലൊന്നിൽ നിന്നാണ് ആരോഗ്യമുള്ള ചെന്നായ ജനിച്ചത്. ക്ലോണ്‍ ചെയ്ത ചെന്നായയെ വാടക അമ്മയ്ക്കൊപ്പം ലാബിലാണു പാർപ്പിച്ചിട്ടുള്ളത്. വൈകാതെ വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്ലോങ്ഗ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിന്‍ പോളാര്ലാന്ഡിലെത്തിച്ചു പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
1996ൽ സ്കോട്ടിഷ് ഗവേഷകർ ഡോളി എന്ന ആടിനെ സൃഷ്ടിച്ചതോടെയായിരുന്നു ജീവികളുടെ തനതു പകർപ്പിനെ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യ ലോകമാകെ ശ്രദ്ധിക്കപ്പെട്ടത്.