KERALA
ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് ഭാരത് ജോഡോ യാത്രയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

തൃശ്ശൂർ.ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ പതിനഞ്ചാം ദിവസമായ ഇന്ന് ചാലക്കുടിയിൽ നടന്ന സമാപന സംഗമത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. ഭാവി ഇന്ത്യയുടെ സംരക്ഷകനായി ഇന്ത്യൻ ജനത വിലയിരുത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. ജനം രാഹുൽഗാന്ധിയുടെ യാത്ര ഏറ്റെടുത്തുകഴിഞ്ഞു. ഇനി ആര് ഇന്ത്യയെ നയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ യാത്ര. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള യാത്രയാണിത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം ഇന്ത്യയുടെ പാരമ്പര്യമല്ലെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണിതെന്നും തങ്ങൾ പറഞ്ഞു. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഗംഭീര സ്വീകരണമാണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.