Connect with us

Crime

പോപ്പുലര്‍ഫ്രണ്ട്  ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ കല്ലേറ്

Published

on

കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ്. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട്ട് ലോറിക്കുനേരെയും കല്ലേറുണ്ടായി.
കോഴിക്കോട്ട് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. സിവില്‍ സ്റ്റേഷനു സമീപത്തുവച്ചുണ്ടായ കല്ലേറില്‍ കണ്ണിന് പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. നഗരത്തില്‍ സര്‍വീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി. കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. പി.എസ്.സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. കല്ലെറിഞ്ഞവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. രാവിലെ 6.15ഓടെ ആയിരുന്നു സംഭവം.
കൊച്ചിയില്‍ ആലുവ പെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളുടെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. ആലപ്പുഴയില്‍ ദേശീപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീര്‍ക്കുന്നത്തുമായാണ് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി.
വടക്കാഞ്ചേരിയില്‍നിന്ന് ഗുരുവായൂരിലേക്കുപോയ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കരുതക്കാടുവച്ച് ഹര്‍ത്താല്‍ അനുകൂലി കല്ലെറിഞ്ഞു. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. വടക്കാഞ്ചേരി മേല്‍പ്പാലത്തിനു മുകളില്‍വച്ച് ചരക്കുലോറിക്ക് നേരെയും സമാനമായ രീതിയില്‍ കല്ലേറുണ്ടായി. ലോറിയുടെ ചില്ലു തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
തിരുവനന്തപുരത്ത് മൂന്നിടത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി . കാരക്കോണത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സിന് നേരെയാണ് ആദ്യം കല്ലേറ് ഉണ്ടായത് . ബൈക്കില്‍ വന്ന രണ്ടുപേര്‍ കല്ലെറിയുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറയുന്നു . ബസ്സിന്റെ മുന്നിലും പിന്നിലും കല്ലെറിഞ്ഞു . ബസ്സില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായി ഡ്രൈവര്‍. തിരുവനന്തപുരം കല്ലറ മൈലമൂട് സുമതി വളവില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടായി . കാട്ടാക്കട അഞ്ചുതെങ്ങ് മൂഡില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. അരുമാനൂരില്‍ നിന്ന് പൂവാറിലേക്ക് പോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.തിരുവനന്തപുരം കുമരി ചന്തയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു. എയര്‍പോര്‍ട്ടിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം
പന്തളത്ത് നിന്നു പെരുമണ്ണിലേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത് . കൊല്ലം തട്ടാമലയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറിഞ്ഞു . ചില്ല് തകര്‍ന്നു . കൊല്ലത്ത് അയത്തിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി . പൊലീസ് സംരക്ഷണത്തില്‍ ബസ് പ്രദേശത്ത് നിന്നും മാറ്റി. വയനാട് പനമരം ആറാം മൈല്‍ മുക്കത്ത് ഹര്‍ത്താലനുകൂലികള്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിനാണ് കല്ലേറുണ്ടായത്
അതേസമയം സര്‍വീസ് നടത്താന്‍ എല്ലാ സുരക്ഷയും ഒരുക്കുമെന്ന പൊലീസ് പ്രഖ്യാപനം നടപ്പായിട്ടില്ല . പലയിടത്തും പൊലീസ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തേണ്ടതില്ലെന്ന് അതാത് സ്റ്റേഷന്‍ മാസ്റ്റര്‍മാരെ അറിയിക്കുകയാണ്.
   

Continue Reading