NATIONAL
ശരണം വിളികളിൽ എരുമേലി : തീർത്ഥാടകർ എത്തിതുടങ്ങിയിട്ടും ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല

എരുമേലി : 41 ദിവസം നീളുന്ന ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കം.. ഇന്നലെയോടെ എരുമേലിയിൽ തീർത്ഥാടകർ കൂട്ടത്തോടെ എത്തിതുടങ്ങി. കാനന പാതയിൽ നാളെ മുതലാണ് യാത്രയ്ക്ക് അനുമതിയെങ്കിലും ഇതറിയാതെ ഒരു സംഘം ഭക്തർ പാതയിൽ എത്തിയത് ഇവരുടെ സുരക്ഷയിൽ വനപാലകർക്ക് ആശങ്ക സൃഷ്ടിച്ചു. തുടർന്ന് വനപാലകരുടെ ഒപ്പം ഇവർക്ക് പാതയിൽ യാത്ര ചെയ്യാൻ അനുമതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ തന്നെ എരുമേലിയിൽ തീർത്ഥാടകർ ധാരാളമായി എത്തി തുടങ്ങിയിരുന്നു. സർക്കാർ വക ക്രമീകരണങ്ങൾ ഇന്ന് മുതൽ ആണ് ആരംഭിക്കുകയെങ്കിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. പോലിസ് കൺട്രോൾ റൂം ഇന്ന് പ്രവർത്തനം തുടങ്ങും. സർക്കാർ ആശുപത്രിയിൽ 24 മണിക്കൂർ സേവനത്തിനും ഇന്ന് തുടക്കമാകുമെന്ന് അധികൃതർ പറഞ്ഞു. റവന്യു കൺട്രോൾ റൂം ഇന്ന് ആരംഭിക്കും. ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂമിന്റെ ചുമതല ഉൾപ്പടെ വഹിക്കുക ഡെപ്യൂട്ടി കളക്ടറാണെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചിട്ടുണ്ട്. ഇന്ന് പോലിസ് കൺട്രോൾ റൂം ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക് ഉദ്ഘാടനം ചെയ്യും. താൽക്കാലിക സീസൺ കടകൾ തുറക്കുന്നതേയുള്ളൂ. രണ്ട് ദിവസങ്ങൾക്കുള്ളിൽ കടകൾ സജീവമാകും. ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ച് ഏകീകരിച്ചിട്ടുണ്ട്. കെഎസ്ആർടിസി യുടെ സ്പെഷ്യൽ സർവീസുകൾ പമ്പ റൂട്ടിൽ എരുമേലിയിൽ നിന്നും തുടങ്ങി. റോഡിൽ സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പ്രവർത്തനം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. കണമല ഇറക്കത്തിൽ അപകട സാധ്യത മുൻനിർത്തി അട്ടി വളവിൽ തീർത്ഥാടക വാഹനങ്ങൾ നിർത്തിച്ച ശേഷം കോൺവെ ആയി കടത്തി വിടുമെന്ന് പോലിസ് പറഞ്ഞു. രാത്രിയിൽ വാഹന യാത്ര നിയന്ത്രണ വിധേയമാക്കാനാണ് തീരുമാനം. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയ്ക്കായി എത്തിയിട്ടുണ്ട്. ഇവർക്ക് താമസം, ഭക്ഷണം സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഫയർ ഫോഴ്സിന്റെ യുണിറ്റ് എരുമേലി പഞ്ചായത്ത് ഓഫിസിന് സമീപം ബിഎസ്എൻഎൽ ഓഫിസ് വളപ്പിൽ പ്രവർത്തനം തുടങ്ങുന്നതിന് ക്രമീകരണങ്ങളായി. സർക്കാർ ആശുപത്രി കൂടാതെ ദേവസ്വം ബോർഡ് സ്കൂളിൽ വലിയമ്പലത്തിന് അടുത്ത് സ്പെഷ്യൽ ഡിസ്‌പെൻസറി പ്രവർത്തനം തുടങ്ങും. ഇന്നലെ വലിയമ്പലത്തിലെ കുളിക്കടവ് ശുചീകരിച്ചു. വലിയ തോട്ടിൽ ഭക്തർ സ്നാനം നടത്തുന്ന ഈ കടവിൽ മാലിന്യങ്ങൾ അടിഞ്ഞ നിലയിലായിരുന്നു. ചെക്ക് ഡാം തുറന്നു വിട്ട് ശുചീകരണം നടത്തിയതിന് പുറമെ മണൽ നീക്കി കടവിൽ വിസ്തൃതി വർധിപ്പിച്ചു. പാർക്കിംഗ് ഫീസ്, ശുചി മുറി ഫീസ് എന്നിവ ഏകീകരിച്ചുവെന്ന് അറിയിച്ചെങ്കിലും ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. നിരക്കുകൾ ബോർഡിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. .അമിത നിരക്ക് ഈടാക്കിയാൽ നടപടികൾ സ്വീകരിക്കും. ടാക്സി നിരക്കുകളും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.. കടകളിൽ തീ അണയ്ക്കുന്ന അംഗീകൃത ഉപകരണം നിർബന്ധമാണ്. ഇവ ഉണ്ടോയെന്ന് പരിശോധന ഉണ്ടാകും. പോലിസ് നൽകുന്ന തിരിച്ചറിയൽ കാർഡ്, ആരോഗ്യ വകുപ്പിൽ നിന്നുള്ള ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്ത തൊഴിലാളികളെ തിരിച്ചു വിടുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മുതൽ ടൗണിലെയും പരിസരങ്ങളിലെയും ശുചീകരണം വിശുദ്ധി സേന ഏറ്റെടുക്കും. തമിഴ് നാട്ടുകാരായ 125 പേർ അടങ്ങുന്ന സംഘമാണ് വിശുദ്ധി സേന. നദികളിലെ കുളിക്കടവുകളിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. പഞ്ചായത്ത്, ജലസേചന വകുപ്പ് എന്നിവയുടെ രണ്ട് ബോർഡുകൾ വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ലൈഫ് ഗാർഡ് സേവനത്തിന് പഞ്ചായത്ത് അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സീസണിന് മുമ്പ് എരുമേലിയിലെ തോടുകളുടെ ശുചീകരണം നടന്നില്ല. പേട്ടതുള്ളൽ പാതയിൽ ഭാര വാഹനങ്ങൾ പാടില്ലെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തീർത്ഥാടന പാതയിൽ ശുദ്ധ ജല വിതരണം സൗജന്യമായി ഏർപ്പെടുത്തണമെന്ന് ആവശ്യമുണ്ട്. എക്സൈസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. റോഡുകളിലെ സ്ഥിതി പഴയ നിലയിൽ തുടരുകയാബ്. സൈഡ് ലൈൻ മാർക്കിങ് ആയി വെള്ള നിറം പൂശൽ ഇന്നലെയാണ് തുടങ്ങിയത്. റോഡുകളിൽ സ്കൂൾ ജങ്ഷനുകളിൽ വേഗ നിയന്ത്രണം അനിവാര്യമാണ്. സീബ്രാ ലൈൻ സ്ഥാപിക്കൽ നടത്തിയിട്ടില്ല. പലയിടത്തും കുഴികൾ മൂടാത്ത നിലയിലാണ്. പഴയ സിഗ്നൽ ബോർഡുകളാണ് മിക്കയിടത്തും. പഴക്കം ചേന്ന ബോർഡുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ഇനിയും വൈകുകയാണ്. റോഡുകളുടെ വശങ്ങളിലെ കാട് തെളിക്കൽ പൂർത്തിയായിട്ടില്ല. ഓരുങ്കൽകടവിൽ ശുചി മുറികൾ ഇനിയും സജ്ജമായിട്ടില്ല. ഇവിടെ കടവിൽ പടവുകളുടെ നിർമാണം നടത്താനുണ്ട്. വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് ഊർജിത പണികൾ നടക്കുകയാണെന്ന് പഞ്ചായത്ത് പറയുന്നു. പോലീസിന്റെ നിരീക്ഷണ ക്യാമറകൾ പൂർണമായും പ്രവർത്തനയോഗ്യമാക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.