Connect with us

NATIONAL

കുതിച്ചുയര്‍ന്ന് വിക്രം എസ്; ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ്  റോക്കറ്റാണ് വിക്ഷേപിച്ചത്.

ഇന്ത്യൻ ബഹിരാകാശ രം​ഗത്ത് പുതുയു​ഗത്തിന് തുടക്കം കുറിച്ചാണ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്രം എസ് റോക്കറ്റിൽ മൂന്ന് ഉപ​ഗ്രഹങ്ങളാണുള്ളത്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, ഇൻസ്പേസ് ചെയ‍ർമാൻ പവൻ ഗോയങ്ക, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവ‍ർ വിക്ഷേപണം കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.

ആറ് മീറ്റ‌‌ർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്. വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെ ആകെ അഞ്ച് മിനുട്ട് സമയം മാത്രം ആയുസ്, പരമാവധി 81.5 മീറ്റർ ഉയരത്തിലേ റോക്കറ്റ് എത്തുകയുമുള്ളൂ. പ്രാരംഭ് എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തെ ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമായാണ് കണക്കാക്കുന്നത്.

സ്കൈറൂട്ട് എന്ന സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണ് വിക്രം എസ്.  വെറും നാല് വ‍ർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാ‍ർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമാകുന്നത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നി‌‌ർമ്മിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഈ സൗണ്ടിംഗ് റോക്കറ്റ് അവ‍ർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന പരീക്ഷണം കൂടിയാണ്.

Continue Reading