NATIONAL
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ഏകീകൃത സിവില്‍കോഡ് നടപ്പാക്കും

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദ്വാരകയില്‍ ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ നിര്‍മിക്കുമെന്നും സംസ്ഥാനത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് മറ്റൊരു വാഗ്ദാനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ മുഴുവന്‍ നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഗാന്ധിനഗറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസായ ശ്രീകമലത്തിലായിരുന്നു ചടങ്ങ്.
ദ്വാരകയില്‍ വികസനം കൊണ്ടുവരുമെന്നും തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളെ നിയന്ത്രിക്കാന്‍ ആന്റി റാഡിക്കലൈസേഷന്‍ സെല്‍ രൂപീകരിക്കുമെന്നും പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യമായി സ്‌കൂട്ടര്‍, പ്രായമായ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര, 20000 സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. ഇതിനായി 10000 കോടി ചെലവാക്കും. തൊഴിലാളികള്‍ക്ക് രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു.