Education
കോളേജിൽ നിന്നു വിനോദയാത്രയ്ക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

ഇടുക്കി : പുതുവർഷ പുലരിയിൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. ഇടുക്കി അടിമാലിയിലാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. അപകടത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വളാഞ്ചേരി റീജിയണൽ കോളേജിൽ നിന്ന് വിനോദയാത്രക്കായി പോയ സംഘമാണ് അപകടത്തിൽപെട്ടത്. അടിമാലി മുനിയറയിൽ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വാഗമൺ സന്ദർശിച്ച ശേഷം തിരികെ വരും വഴിയാണ് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 1.15നാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തത്.