NATIONAL
കോൺഗ്രസ് വിടില്ലെന്ന് അനിൽ ആന്റണി . വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല

ന്യൂഡൽഹി: അനിൽ ആന്റണി
എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള പാർട്ടി പദവികളിൽ നിന്ന് രാജിവച്ചെങ്കിലും കോൺഗ്രസ് വിടില്ലെന്ന് പറഞ്ഞു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) തയ്യാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, ഡോക്യുമെന്ററിയെ എതിർത്തതിന് അനിൽ വിമർശനം നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് രാജി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി.
കഴിഞ്ഞ 24 മണിക്കൂറായി സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ രാജി വയ്ക്കുന്നതാണ് എനിക്കും പാർട്ടിക്കും നല്ലതെന്ന് തോന്നി. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2017ൽ ഗുജറാത്തിലാണ് ഞാൻ ആദ്യമായി കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. ശശിതരൂരും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞതുകൊണ്ട് മാത്രമാണ് കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. അന്ന് നല്ലൊരു ടീം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് ഇങ്ങനെയൊരു രീതിയിലേയ്ക്ക് അധഃപതിച്ച് പോയതിൽ ഒരുപാട് വിഷമമുണ്ട്. കോൺഗ്രസിന്റെ നയങ്ങൾക്കെതിരായി ഒന്നും തന്നെ എന്റെ ട്വീറ്റിൽ ഉണ്ടായിരുന്നില്ല. എന്നാൽ പലരും വിളിച്ച് ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. അത് സാദ്ധ്യമല്ലെന്ന് പറഞ്ഞപ്പോൾ രാത്രി മുതൽ അസഭ്യങ്ങളാണ് എന്റെ സമൂഹമാദ്ധ്യമങ്ങളിൽ പലരും വന്ന് പറയുന്നത്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും വളരെ കാലമായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള എനിക്ക് ഇത്തരം സംസ്കാര ശൂന്യമായ സാഹചര്യത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകാരണമാണ് രാജിവച്ചത്. പാർട്ടി വിടാൻ തീരുമാനിച്ചിട്ടില്ല.’ – അനിൽ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.