Entertainment
നാട് കീഴടക്കി നാട്ടു നാട്ടു . ഓസ്കാർ വേദിയിൽ തിളങ്ങി ഇന്ത്യ

ലോസ് ആഞ്ചലിസ് : ആസ്വാദനത്തിന്‍റെ കൊടുമുടികൾ കീഴടക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ആഗോളവേദിയിലെ അംഗീകാരവും. പ്രതീക്ഷകൾ കാത്തുകൊണ്ടു ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിലാണു പുരസ്കാരലബ്ധി. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി. സാക്ഷികളായി നാട്ടു നാട്ടുവിന്‍റെ ചടുലചുവടുകൾ അഭ്രപാളിയിൽ അവതരിപ്പിച്ച ജൂനിയർ എൻടിആറും രാംചരണും സംവിധായകൻ എസ് എസ് രാജമൗലിയും ഡോൾബി തിയെറ്ററിലുണ്ടായിരുന്നു.
ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷകളെ വാനോളമുയർത്തിയാണു നാട്ടു നാട്ടു നോമിനേഷനിൽ എത്തിയത്. നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇതേ ഗാനത്തിനു ലഭിക്കുമ്പോൾ ഓസ്കറും അകലെയല്ലെന്നു പ്രവചിച്ചിരുന്നു പലരും. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനം അതിർത്തികളില്ലാതാക്കിയ സൃഷ്ടിയാണ്. സംഗീതത്തിന്‍റെയും ചുവടുകളുടെയും മികവിൽ ഏറെ പേരുടെ മനസിൽ ഇടംപിടിച്ചിരുന്നു.
അഞ്ചു ഭാഷകളിലായാണു ആർആർആർ പുറത്തിറങ്ങിയത്. നാട്ടു നാട്ടു ഗാനം റിലീസ് ചെയ്തു ഒരു ദിവസത്തിനുള്ളിൽ 17 ദശലക്ഷം പേരാണു വീക്ഷിച്ചത്. ഗാനരംഗത്തിലെ ഹുക്ക് സ്റ്റെപ്പുകളും വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ആ വിജയത്തിന്‍റെ തുടർച്ചയെന്നോണം ഓസ്കർ പുരസ്കാരവും.