Entertainment
ജനനായകൻ റിലീസ് ചെയ്യാൻ അനുമതി:U/A സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
ചെന്നൈ: പ്രദർശനാനുമതി ലഭിക്കാതിരുന്ന വിജയ് ചിത്രം ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകി കോടതി. മദ്രാസ് ഹൈക്കോടതിയാണ് ചിത്രത്തിന് റിലീസ് അനുമതി നൽകിയത്. U/A സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർ പേഴ്സന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു. അതേസമയം വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുണ്ട്.
പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്നായിരുന്നു ഇത്.
സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
