NATIONAL
ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയം
ബംഗളുരു : ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയം. വിക്ഷേപണത്തറയിൽനിന്ന് വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് മൂന്നാംഘട്ടത്തിൽ പ്രശ്നം നേരിടുകയും വിക്ഷേപണപാതയിൽനിന്ന് വ്യതിചലിക്കുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്.
‘പിഎസ്എൽവി-സി 62 ദൗത്യം മൂന്നാം ഘട്ടത്തിൽ പ്രശ്‌നം നേരിട്ടു. വിശദമായ പരിശോധന തുടങ്ങി.’ -ഇതാണ് ഐഎസ്ആർഒ ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നത്തേതിന് സമാനമായി വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത് ഇപ്പോഴത്തെ പരാജയ കാരണങ്ങൾ സാങ്കേതിക വിഭാഗം പരിശോധിച്ച് വരികയാണ്.
