Connect with us

NATIONAL

മോദി ,ജ്ഞാനേഷ് കുമാറിന്‍റെ സഹായത്തോടെ ‘വോട്ട് മോഷണം’ നടത്തി രാജ്യത്തെ ‘തട്ടിയെടുത്തിരിക്കുകയാണെന്ന്’ രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സഹായത്തോടെ ‘വോട്ട് മോഷണം’ നടത്തി രാജ്യത്തെ ‘തട്ടിയെടുത്തിരിക്കുകയാണെന്ന്’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യദ്രോഹം നടത്തിയതിന് ഇവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തത്തിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് അനുവദിക്കാത്തതിനെ തുടർന്ന് ആകാശവാണി ഭവൻ വളപ്പിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

“ബിജെപി എന്താണ് പറയുന്നതെന്നതിൽ എനിക്ക് താൽപര്യമില്ല. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും 300 എംപിമാർ എനിക്കൊപ്പം എത്തിയിട്ടുണ്ട്. അവരും ജനാധിപത്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്”- രാഹുൽ പറഞ്ഞു.

“നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും സിഇസി ജ്ഞാനേഷ് കുമാറും രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കി. രാജ്യത്തെ മുഴുവൻ ജനങ്ങളും ഇക്കാര്യം വിശ്വസിക്കുന്നു. രാജ്യത്തെ യുവാക്കളും ഇത് വിശ്വസിക്കുന്നു. എന്നെ തടഞ്ഞുനിർത്തിയ പൊലീസുകാർ പോലും ഇക്കാര്യം പറയുന്നുണ്ട്. യാഥാർഥ്യം എല്ലാവർക്കും അറിയാം”- ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ പറഞ്ഞു.

‘വോട്ട് മോഷണ’ത്തിലൂടെ പ്രധാനമന്ത്രി മോദിയും അമിത് ഷായും മോഹൻ ഭാഗവതും രാജ്യത്തെ തട്ടിയെടുത്തുവെന്നും ഇതിന് ജ്ഞാനേഷ് കുമാർ സഹായം നൽകിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “അവർക്കെതിരേ നടപടിയുണ്ടാകും. പ്രധാനമന്ത്രി മോദിയായാലും ആഭ്യന്തരമന്ത്രി ഷായായാലും ആർഎസ്എസ് മേധാവി ഭാഗവതായാലും സിഇസി ജ്ഞാനേഷ് കുമാറായാലും ആരെയും വെറുതെ വിടില്ല. നമ്മുടെ രാജ്യത്തോട് ചെയ്തത് രാജ്യദ്രോഹമാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ആരും രക്ഷപ്പെടില്ല”- മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ പറഞ്ഞു.

പാർലമെന്‍റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് രാഹുൽ ഗാന്ധിയും സംഘവും ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഇവർ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം രാഹുലിനെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഒരുകാരണവശാലും തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റെ നിലപാട്.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് എംപിമാരായ അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയൻ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading