NATIONAL
തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി. ജനാധിപത്യം സംരക്ഷിക്കുക എന്ന പ്രമേയത്തിൽ ഇന്ത്യ സഖ്യ എം.പി.മാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തുവരെയാണ് മാർച്ച് നടത്തുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നാണ് ആവശ്യം.
മാർച്ചിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉൾപ്പെടെയുള്ള വൻ പോലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തിരഞ്ഞെടുപ്പ് കമ്മിഷൻ കവാടങ്ങൾ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
ഓൺ-ഗ്രൗണ്ട് സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ക്യാമറകൾ ഘടിപ്പിച്ചാണ് ചുമതലകൾ നിർവഹിക്കുന്നത്.
