NATIONAL
രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് പൊലീസ് അനുമതി നിഷേധിച്ചു.

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധന പ്രശ്നം ഉന്നയിച്ചാണ് സത്യഗ്രഹം 10ന് തുടങ്ങാനിരിക്കെ അനുമതി നിഷേധിച്ചത്. രാജ്ഘട്ടിനു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ അനുമതിയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൊലീസ് അറിയിച്ചു.
സത്യഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും അണികൾ എത്തിച്ചേരുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ എത്താനിരിക്കെയാണ് അനുമതി നിഷേധിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടിൽ സത്യഗ്രഹമിരിക്കാൻ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.