Entertainment
ഇന്നസെന്റിന്റെ ഭൗതികദേഹം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു. സംസ്കാരം നാളെ രാവിലെ 10ന്

കൊച്ചി : നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ഭൗതികദേഹം ലേക്‌ഷോർ ആശുപത്രിയിൽ നിന്ന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചു. രാവിലെ എട്ട് മണി മുതൽ 11 മണിവരെ ഇവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 5ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടത്തും.
അഞ്ചു പതിറ്റാണ്ടിലേറെ നർമ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടനും മുൻ പാർലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെ രാത്രി 10.30 ന് ആണ് അന്തരിച്ചത്. 75 വയസായിരുന്നു.മാർച്ച് രണ്ടിനാണ് ഇന്നസെന്റിനെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങൾ ബാധിച്ചിരുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ നില രണ്ടാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതിന് ഇന്നസെന്റിനെ ചികിത്സിക്കുന്ന കാൻസർ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. പ്രതീക്ഷയ്ക്ക് വകയില്ലാത്തവിധം അതീവഗുരുതരമായതിനാൽ ജീവൻ നിലനിറുത്തിയിരുന്ന എക്സ്ട്രാകോർപ്പറിയൽ മെമ്പറൻസ് ഓക്‌സിജനേഷൻ (ഇ.സി.എം.ഒ) സംവിധാനം നീക്കാൻ 10 മണിയോടെ തീരുമാനിച്ചു. 10.30ന് മരണം സ്ഥിരീകരിച്ചു. മരണവിവരമറിഞ്ഞ് താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ ആശുപത്രിയിലെത്തി.