Connect with us

Crime

ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സി. ഒ ടി നസീർ ഉൾപ്പെടെ മൂന്നു പ്രതികൾ കുറ്റക്കാർ.

Published

on

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. മുൻ സി.പി.എം നേതാവും 88-ാം പ്രതിയുമായ സി.ഒ.ടി നസീർ, 18-ാം പ്രതി ദീപക്, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

മുൻ എം.എൽ.എമാരായ സി. കൃഷ്ണൻ (ഒന്നാം പ്രതി), കെ.കെ നാരായണൻ, ടി.വി രാജേഷ് അടക്കമുള്ള സി.പിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെയെല്ലാം കോടതി വെറുതെ വിട്ടു.

വധശ്രമക്കേസിൽ 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 326, പി.ഡി.പിപി ആക്ട് എന്നിവ പ്രകാരമാണ് മൂന്നു പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഒക്ടോബർ 27ന് കണ്ണൂരിൽ നടന്ന പൊലീസ് അത് ലറ്റിക് മീറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് നേരെ ആക്രമണമുണ്ടായത്. ഉമ്മൻചാണ്ടിക്കൊപ്പം മന്ത്രിയായിരുന്ന കെ.സി ജോസഫ്, ഡി.സി.സി ഭാരവാഹിയായിരുന്ന ടി. സിദ്ദീഖ് എന്നിവർ സഞ്ചരിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിന് നേരെ ഇടത് പ്രവർത്തകർ കല്ലെറിഞ്ഞത്.

ഉമ്മൻചാണ്ടി പരിപാടിയിൽ പങ്കെടുക്കാൻ വരുന്നുണ്ടെന്ന് അറിഞ്ഞ് കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് ഇടത് പ്രവർത്തകർ ഉപരോധം തീർത്തിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവെയാണ് പ്രവർത്തകരുടെ ആക്രമണം നടന്നത്. കല്ലേറിൽ കാറിന്‍റെ ഗ്ലാസ് പൊട്ടുകയും ഉമ്മൻചാണ്ടിയുടെ തലക്കും നെഞ്ചിനും പരിക്കേൽക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ സി.ഒ.ടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവർ ഡി.വൈ.എഫ്.ഐ ഭാരവാഹികളായിരുന്നു. സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി മുൻ നഗരസഭാംഗവുമായിരുന്ന സി.ഒ.ടി നസീർ പിന്നീട് പാർട്ടി വിമതനായി. തുടർന്ന് നസീർ സജീവ രാഷ്​ട്രീയത്തിൽ നിന്ന്​ മാറിനിൽക്കുകയായിരുന്നു. പ്രതിയായ നസീർ ഉമ്മൻ ചാണ്ടി തലശ്ശേരി റെസ്​റ്റ്​ ഹൗസിൽ വന്നപ്പോൾ നേരിൽ കണ്ട് നസീർ തന്റെ നിരപരാധിത്വം ബോധിപ്പിച്ചിരുന്നു.

Continue Reading