International
അടുത്ത മാസം അമേരിക്ക സന്ദർശിക്കുന്ന മുഖ്യമന്ത്രി ക്യൂബയും സന്ദർശിക്കും. ഭാര്യ കമലയും സംഘത്തിൽ

തിരുവനന്തപുരം :ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്ക സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയും സന്ദർശിക്കും. ഇതിനുള്ള ആലോചനകൾ നടക്കുന്നതായും തീയതി തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതി തേടാനിരിക്കുന്നതേയുള്ളൂ. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു.
ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂൺ മാസം അമേരിക്കയിലും സെപ്റ്റംബർ മാസം സൗദി അറേബ്യയിലും. ഇതിന് വേണ്ടി ചീഫ് സെക്രട്ടറി ചെയർമാനായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയർമാനായ 7 അംഗ സബ് കമ്മിറ്റിയാണ് രൂപീകരിച്ചത്.
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ജൂൺ 9 മുതൽ 18 വരെയാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം. സമ്മേളനത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവർ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും യാത്രയിൽ കൂടെയുണ്ടാവും.ഇവരുടെ യാത്രയും മറ്റ് അനുബന്ധ ചെലവുകളും നോർക്ക വകുപ്പാണ് വഹിക്കുക. ഇവരുടെ യാത്രക്ക് അനുമതി നൽകി സർക്കാർ ഉത്തരവ് ഇറങ്ങി.