KERALA
മൃതദേഹംവെച്ച് ചിലര്‍ വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചതുപോലെയുള്ള ക്രൂരതയാണെന്ന് വനംമന്ത്രി

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച വ്യക്തിയുടെ മൃതദേഹംവെച്ച് ചിലര്‍ വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചതുപോലെയുള്ള ക്രൂരതയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കഴിഞ്ഞ കുറേക്കാലമായി വനമേഖലയില്‍ ഉണ്ടാകുന്ന നിസാര കാര്യങ്ങള്‍പോലും പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.മൃതദേഹവുമായി വിലപേശുന്ന സമരത്തിന് പിന്നില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീപാര്‍ട്ടികള്‍ ഇല്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. വനമേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ വിരുദ്ധരായി മാറ്റിയെടുക്കാനും അവരില്‍ ഏറ്റുമുട്ടല്‍ സ്വഭാവം വളര്‍ത്തിയെടുക്കാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.
. കാട്ടുപോത്ത് ആക്രമണത്തിന്റെ കാര്യത്തിലും അരിക്കൊമ്പന്‍ വിഷയത്തിലും ബഫര്‍സോണ്‍ പ്രശ്‌നത്തിലും അത് കണ്ടതാണ്. വൈകാരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനോ ക്രമസമാധാന നില തകര്‍ക്കാനോ ഉള്ള നീക്കങ്ങള്‍ കര്‍ശനമായി നേരിടുമെന്ന് മന്ത്രി പറഞ്ഞു.
വിഷയത്തില്‍ കെ.സി.ബി.സിയുടെ പ്രതികരണം പ്രകോപനപരമാണ്. നിലപാട് അവരുടെ പാരമ്പര്യത്തിന് ചേര്‍ന്നതാണോ എന്ന് ദയവായി ആലോചിക്കണം. മതമേലധ്യക്ഷന്മാരില്‍നിന്ന് പ്രശ്‌നത്തിന് പരിഹാരം കാണുന്ന തരത്തിലുള്ള നിലപാടാണ് പ്രതീക്ഷിച്ചത്. ജനങ്ങളെ സമാധാനിപ്പിക്കാന്‍ അവര്‍ക്കാണ് കഴിയുന്നത്. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള സമീപനം അവരുടെ പാരമ്പര്യത്തിന് ചേരുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.