Crime
തിരഞ്ഞെടുപ്പ് വിജയത്തോടെ കോൺഗ്രസ് വനിതാ എംഎൽഎക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം

ബംഗളുരു: കർണാടകയിലെ മിന്നുന്ന തിരഞ്ഞെടുപ്പ് വിജയത്തോടെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് തനിക്കെതിരെ സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ടുള്ള സൈബർ ആക്രമണം നടക്കുന്നതായി അറിയിച്ചത്. വിഷയത്തിൽ തന്റെ കനത്ത നിലപാടും എംഎൽഎ വ്യക്തമാക്കി
പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് നയന പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും അവർ അറിയിച്ചു. സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും വനിതാ എംഎൽഎ ആരോപിച്ചു. സൈബർ ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ച് 43-കാരിയായ നയന വ്യക്തമാക്കി.