NATIONAL
കമ്പത്ത് പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിലേയ്ക്ക്

തേനി: തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി പരത്തിയ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിലേയ്ക്ക് എത്തുന്നുവെന്ന് വിവരം. തമിഴ്‌നാട് വനാതിർത്തിയിലെ ആനഗജം എന്ന ഭാഗത്ത് അരിക്കൊമ്പനുണ്ടെന്നാണ് സൂചന. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനായി വനംവകുപ്പ് സംഘം ഈ സ്ഥലത്തേയ്ക്ക് തിരിച്ചു. നേരത്തെ നിന്നിരുന്ന ചുരുളിപ്പെട്ടിയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരേയ്ക്ക് മാറിയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.
വനമേഖലയിൽ മയക്കുവെടി വയ്ക്കാൻ സാധിക്കാത്തതിനാൽ സുരക്ഷിതമായ മേഖലയിൽ അരിക്കൊമ്പൻ എത്തുമെന്നാണ് വനംവകുപ്പ് കരുതുന്നത്. ചൂട് കൂടുമ്പോൾ അരിക്കൊമ്പൻ തണൽപ്പറ്റി നിൽക്കാറാണ് പതിവ്. ഈ അവസരത്തിൽ മയക്കുവെടി വയ്ക്കാനാണ് നീക്കം.കൊമ്പൻ നേരത്തെ ചുരുളി വെള്ളച്ചാട്ടത്തിനടുത്തെത്തിയപ്പോൾ മയക്കുവെടി സംഘവും ഇവിടെയെത്തിയിരുന്നു. മേഘമല സി സി എഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. ഇതിൽ സ്വയംഭു എന്ന കുങ്കിയാനയെ കമ്പത്ത് എത്തിച്ചിട്ടുണ്ട്.