NATIONAL
അരിക്കൊമ്പനെ ഇന്ന് തന്നെ തിരുനെല്‍വേലിയിൽ തുറന്നുവിടാൻ ഉത്തരവ്. മണിമുത്താർ മേഖലയിൽ തുറന്ന് വിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ

തിരുനെല്‍വേലി : അരിക്കൊമ്പനെ ഇന്ന് തന്നെ തിരുനെല്‍വേലിയിൽ തുറന്നുവിടാൻ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് അവിടെ തുറന്ന് വിടരുതെന്ന് കുറച്ച് മുന്നേ മദ്രാസ് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ആനയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഇന്ന് തന്നെ തുറന്ന് വിടാൻ കോടതി തീരുമാനിക്കയായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് വിധി.
എറണാകുളം സ്വദേശിയും മൃഗസ്‌നേഹിയുമായ റെബേക്ക ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് ഇവർ പൊതുതാൽപര്യ ഹർജി നൽകിയത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കൈമാറണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളുണ്ടെന്നും ആന തമിഴ്‌നാട് വനംവകുപ്പിന് കീഴില്‍ എത്രത്തോളം സുരക്ഷിതനായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്ന് ഉച്ചക്ക് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്കെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്.
അതിനിടെ മണിമുത്താർ മേഖലയിൽ തുറന്ന് വിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് നീക്കുകയാണ്.