NATIONAL
രാജ്യം മണിപ്പൂരിനൊപ്പം.സമാധാനം തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കൈകോർത്തുകൊണ്ടിരിക്കുകയാണ്

ന്യൂഡൽഹി: രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുലരുമെന്നും സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ‌്ത് പ്രധാനമന്ത്രി വ്യക്തമാക്കി. ചെങ്കോട്ടയിൽ ദേശീപതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ‌്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മണിപ്പൂർ വിഷയം അദ്ദേഹം പരാമർശിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് കലാപത്തിന്റെ കൊടുങ്കാറ്റാണ് മണിപ്പൂരിൽ അലയടിച്ചത്. നിരവധി പേർക്ക് ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും അപമാനം നേരിടേണ്ടി വന്നു. പക്ഷേ സാവധാനത്തിൽ അവിടെ സമാധാനം പുലരുകയാണ്. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്. സമാധാനം തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കൈകോർത്തുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിവർജൻ (കുടുംബാംഗങ്ങളെ) എന്ന് അഭിസംബോധന ചെയ‌്തുകൊണ്ടാണ് തന്റെ തടർച്ചയായുള്ള പത്താമത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ രാജ്യത്തെ 140 കോടി ജനങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹസമരത്തെ മോദി കൃതജ്ഞതയോടെ സ്മരിച്ചു. ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ് ദേവ് തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവത്യാഗത്തെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ അനുസ്‌മരിച്ചു. ഇവരുടെയെല്ലാം പ്രയത്നഫലമാണ് രാജ്യം നേടിയ സ്വാതന്ത്ര്യമെന്ന് മോദി വ്യക്തമാക്കി.