NATIONAL
ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹത്തിനിടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് കേന്ദ്രസർക്കാർ. സെപ്തംബർ 18 മുതൽ 22 വരെ അഞ്ചുദിവസമാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. പാർലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്.
ഫലപ്രദമായ ചർച്ചകളും സംവാദങ്ങളും നടക്കുന്നതിനുവേണ്ടിയാണ് സഭ ചേരുന്നതെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ സമ്മേളനം മണിപ്പൂർ കലാപത്തിൽ മുങ്ങിപ്പോയിരുന്നു.
അതിനിടെ, ജമ്മു കാശ്‌മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയിൽ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളുടെ വാദത്തിനിടെയായിരുന്നു കേന്ദ്രത്തിന്റെ പ്രസ്‌താവന. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ അന്തിമ തീരുമാനമെടുക്കുക ഇലക്ഷൻ കമ്മിഷനും സംസ്ഥാന പോൾ പാനലുമായിരിക്കും.2018 മുതൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലാത്ത ജമ്മു കാശ്‌മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ട ആവശ്യകതയെപ്പറ്റി കഴിഞ്ഞ ചൊവ്വാഴ്ചത്തെ വാദം കേൾക്കലിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുള്ള സമയപരിധി നൽകാൻ കേന്ദ്രം വിസമ്മതിച്ചു. പദവി തിരിച്ചുനൽകാൻ കുറച്ചുകൂടി സമയമെടുക്കും എന്നാണ് കേന്ദ്രം പറയുന്നത്.”