NATIONAL
വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടത്

പട്‌ന: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് അമിത്ഷാ കുറ്റപ്പെടുത്തി. ബിഹാറിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം പുതിയ പേരിൽ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു. യുപിഎയുടെ പേരിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതി ഇവർ നടത്തി. റെയിൽവേ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. മകനെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതേസമയം, നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രിപദം മോദി തന്നെ തുടർന്നും വഹിക്കും. ഈ കൂട്ടുകെട്ട് ബീഹാറിനെ വീണ്ടും കാട്ടുനീതിയിലേക്കെത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയും ഷാ രംഗത്തെത്തി. ഇക്കൂട്ടർ രക്ഷാബന്ദനിലെയും ജന്‍മാഷ്ടമിയിലെയും അവധികൾ റദ്ദാക്കുന്നു. രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നു. അവർ സനാതന ധർമത്തെ വിവിധ രോഗങ്ങളുമായി താരതമ്യം ചെയ്യുന്നു. ഇവർക്ക് ചെയ്യാൻ കഴിയുന്നത് പ്രീണനം മാത്രമാണ്, അമിത് ഷാ കുറ്റപ്പെടുത്തി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40-ൽ 39 സീറ്റുകൾ എൻ.ഡി.എ സഖ്യം സ്വന്തമാക്കിയിരുന്നു. ഇത്തവണ തങ്ങൾ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്നും ഷാ പറഞ്ഞു.