NATIONAL
വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം .ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതി

ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സോണിയയുടെ പ്രതികരണം. ബിൽ നടപ്പാക്കുമ്പോൾ ഒബിസി, എസ്‌സി, എസ്‍ടി വിഭാഗങ്ങൾക്കു പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നും സോണിയാ ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതായും സോണിയ പാര്‍ലമെന്റിൽ അറിയിച്ചു.
ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണ്. എത്രയും വേഗം ബിൽ നടപ്പാക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇന്ത്യയിലെ സ്ത്രീകൾ എത്രകാലം ബില്ലിനായി കാത്തിരിക്കണമെന്നും സോണിയാ ഗാന്ധി പാർലമെന്റിൽ ചോദിച്ചു. 2024ലെ തിരഞ്ഞെടുപ്പിൽ തന്നെ ബില്‍ നടപ്പാക്കണമെന്നും സോണിയാ ആവശ്യപ്പെട്ടു.
.രാജീവ് ഗാന്ധിയുടെ കാലത്താണ് ബില്‍ നിർദേശിച്ചത്. അന്നു രാജ്യസഭയില്‍ പാസായില്ല. പിന്നീട് പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ ഈ ബിൽ പാസാക്കാൻ സാധിച്ചു എന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് പഞ്ചായത്ത് തലത്തിൽ 50 ശതമാനം സ്ത്രീകൾ എന്ന രീതി നടപ്പാക്കിയത്. സ്ത്രീ ശാക്തീകരണത്തിനു വലിയ നടപടികൾ സ്വീകരിച്ച പാർട്ടി കോൺഗ്രസാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.