Connect with us

NATIONAL

ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029 ല്‍ വന്നേക്കാം. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍

Published

on

ന്യൂഡല്‍ഹി: ഒരുരാജ്യം ഒറ്റ തെരഞ്ഞെടുപ്പ് 2029 ല്‍ നടന്നേക്കും. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള നിയമ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് നിയമ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മീഷന്‍ ഒറ്റ തെരഞ്ഞെടുപ്പിന് അനുകൂലമാണെന്നാണ് സൂചന. വിഷയത്തില്‍ ജസ്റ്റിസ് അവസ്തി കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍, അക്കാദമിക് പണ്ഡിതന്മാര്‍, തെരഞ്ഞെടുപ്പ് വിദഗ്ധര്‍ തുടങ്ങിയവരുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ സമവായമില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കും. 2029 ല്‍ ഇതനുസരിച്ച് വോട്ടെടുപ്പ് നടക്കുമെന്നും നിയമ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

തെരഞ്ഞെടുപ്പ് സമന്വയിപ്പിക്കുന്നതിന്, ഈ വര്‍ഷം മുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനാല്‍ 2024ല്‍ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയില്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ സമര്‍പ്പിച്ച ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള മുന്‍ നിയമ കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ നിന്നാണ് നിലവിലെ കമ്മീഷന്‍ മിക്ക ശുപാര്‍ശകളും തയ്യാറാക്കിയത്. എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താവുന്ന തരത്തില്‍ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയം നീട്ടിവെക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നായിരുന്നു മുന്‍ നിയമ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, ലോക്സഭാ തെരഞ്ഞെടുപ്പുമായി സമന്വയിപ്പിക്കാന്‍ ഈ നിയമസഭകളുടെ കാലാവധി നീട്ടാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. സമാന തലത്തില്‍,
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് സമന്വയിപ്പിക്കാനാണ് ജസ്റ്റിസ് അവസ്തി കമ്മീഷന്റെ റിപ്പോര്‍ട്ടിലുമുള്ളതെന്നാണ് സൂചന.

റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്നില്ലെങ്കില്‍, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്നും ജസ്റ്റിസ് അവസ്തി കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. അതിന് കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും വേണ്ടിവരും. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ പരിഗണനക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചേക്കും”

Continue Reading