KERALA
സംസ്ഥാനത്ത് മഴ കനത്തു. തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യത.

തിരുവനന്തപുരം: അറബിക്കടലിൽ കൊങ്കൺഗോവ തീരത്തും വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ കനത്തു. തിങ്കളാഴ്ചവരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യത. മലയോരമേഖലകളിൽ ജാഗ്രതാനിർദ്ദേശം. തിരുവനന്തപുരത്ത് മലയോര മേഖലയിൽ യാത്രാനിരോധനം ഏർപ്പെടുത്തി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴയിലടക്കം ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. ഏറ്റവുമധികം മഴ ലഭിച്ചത് ചേർത്തലയിലാണ് (150.5 മില്ലി മീറ്റർ). അരൂക്കുറ്റിയിൽ 148.4, കോട്ടയം 138.6. തിരുവനന്തപുരത്ത് 105 മി.മീറ്റർ. ഏറ്റവും കുറവ് കാസർകോട്ടെ ഹോസ്‌ദുർഗിൽ. 55 മി.മീറ്റർ. മദ്ധ്യ,തെക്കൻ കേരളത്തിലാണ് മഴ സജീവം.
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം, മദ്ധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ, മദ്ധ്യ, വടക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.