Crime
ഡൽഹിയിൽ മലയാളിയായ മദ്ധ്യവയസ്കനെ മരത്തിൽ കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരക ഏരിയയിൽ മലയാളിയായ മദ്ധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദ്വാരക മോഡിന് സമീപം ശിവാനി എൻക്ലേവിൽ താമസിക്കുന്ന തിരുവല്ല മേപ്രാൽ സ്വദേശി പി പി സുജാതനാണ് (45) മരിച്ചത്. ഇദ്ദേഹം എസ് എൻ ഡി പി ദ്വാരക ശാഖ സെക്രട്ടറിയായിരുന്നു.
സുജാതന്‍ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി ഡൽഹിയിലെ വീട്ടിൽ നിന്നിറങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. പിന്നീട് വെള്ളിയാഴ്ച വീടിനടുത്തുതന്നെയുള്ള പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് പാർക്കിലെ മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. കൂടാതെ മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുമുണ്ട്. ഇതിനെത്തുടർന്ന് കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയതാണോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. 40 വർഷമായി ഡൽഹിയിൽ താമസിക്കുന്ന സുജാതൻ മുൻപ് അവിടെ ഹോട്ടൽ നടത്തിയിരുന്നു. പിന്നീട് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്.സുജാതന്റെ പഴ്സ്, മൊബെെൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. ഇദ്ദേഹത്തിന്റെ ബാഗ് സമീപത്തുനിന്ന് കണ്ടെത്തി.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഹരിനഗര്‍ ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലുള്ള മൃതദേഹം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
