Connect with us

KERALA

ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ല.സിവിൽ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യത

Published

on

തിരുവനന്തപുരം: ഒരു ഭരണ നേട്ടമെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും മോശപ്പെട്ട സർക്കാർ ചരിത്രത്തിലില്ലെന്നും അദ്ദേഹം വിമർശിച്ചു. വൈദ്യുതി ബോർഡിന്റെ കടമടക്കം പറഞ്ഞുകൊണ്ടായിരുന്നു വിമർശനം. യു ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ ഓണക്കാലത്ത് മാവേലി സ്‌റ്റോറിൽ ഒരു സാധനവും ഉണ്ടായില്ല. സിവിൽ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യത. വൈദ്യുതി ബോർഡിന്റെ സ്ഥിതി അറിയാല്ലോ. ഉമ്മൻചാണ്ടി സർക്കാരായിരുന്നപ്പോൾ വൈദ്യുതി ബോർഡ് ലാഭത്തിലായിരുന്നു. അന്ന് ഒരു യൂണിറ്റിന് 20 പൈസ വച്ച് ഉപഭോക്താക്കൾക്ക് കുറച്ചുകൊടുത്തു. ലാഭത്തിലായപ്പോൾ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൊടുത്തു. അതുവരെയുള്ള കടങ്ങൾ തീർത്തു. 1957 മുതൽ 2016 വരെയുള്ള ഇലക്ടിസിറ്റിയുടെ കടം എത്രയാണെന്നറിയാമോ? 1083 കോടി രൂപ. 2016 മുതൽ 23 വരെയുള്ള ഈ ഏഴ് കൊല്ലം കൊണ്ടുള്ള വൈദ്യുതി ബോർഡിന്റെ കടമെത്രയാണെന്നറിയാമോ? നാൽപ്പതിനായിരം കോടി രൂപയാണ്.’ – വി ഡി സതീശൻ പറഞ്ഞു.

അതേസമയം, യു ഡി എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ ജനങ്ങൾ വലഞ്ഞു. തമ്പാനൂർ, പാളയം, ബേക്കറി ജംഗ്ഷനിലടക്കം ഗതാഗതക്കുരുക്കുണ്ടായി. കന്റോൺമെന്റ് ഗേറ്റ് ഒഴികെ സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും യു ഡി എഫ് പ്രവർത്തകർ ഉപരോധിച്ചു. യു ഡി എഫിന്റെ പ്രധാന നേതാക്കളെല്ലാം ഇവിടേക്ക് എത്തിയിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. അദ്ദേഹത്തെ മനസിലാകാതെയാണ് അനക്സ് രണ്ടിന് സമീപം തടഞ്ഞത്. വിഷയത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ‘നാണമില്ലേ, നിങ്ങൾക്കൊക്കെ തെണ്ടാൻ പോയിക്കൂടെ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്”

Continue Reading