Connect with us

Entertainment

25 വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി

Published

on

ചെന്നൈ: നടി ഗൗതമി ബി.ജെ.പി. അംഗത്വം രാജിവെച്ചു. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പാര്‍ട്ടിയുമായുള്ള 25 വര്‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിക്കുന്നത്. 20 വര്‍ഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച സി. അഴഗപ്പന്‍ വിശ്വാസവഞ്ചന നടത്തിയെന്നും അതിനെതിരായുള്ള നിയമപോരാട്ടത്തില്‍ പാര്‍ട്ടി തനിക്കൊപ്പം നിന്നില്ലെന്നുമാണ് ഗൗതമിയുടെ ആരോപണം.

25 വര്‍ഷം മുമ്പ് രാഷ്ട്രനിര്‍മാണത്തിനായി ബി.ജെ.പിയില്‍ ചേര്‍ന്ന തന്റെ എല്ലാ പ്രയാസങ്ങള്‍ക്കിടയിലും അര്‍പ്പണബോധം അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് ഗൗതമി രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അനാഥയും ഒരു കുട്ടിയുടെ ഏക രക്ഷിതാവുമായ തന്നെ 20 വര്‍ഷം മുമ്പ് സമീപിച്ച അഴഗപ്പന്‍ വിശ്വാസ വഞ്ചന നടത്തി സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണ് രാജിക്കത്തിലെ ആരോപണം. ഇതിനെതിരെ നിയമപ്പോരാട്ടത്തിനിറങ്ങിയപ്പോള്‍ പാര്‍ട്ടി തന്നെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, അഴഗപ്പനൊപ്പം നില്‍ക്കുകയാണ് ഉണ്ടായതെന്ന് ഗൗതമി ആരോപിക്കുന്നു.2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്ക് രാജപാളയം മണ്ഡലത്തില്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. പാര്‍ട്ടി താഴേത്തട്ടില്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികളുമായി താന്‍ മുന്നോട്ടുപോയി. എന്നാല്‍, അവസാനനിമിഷം വാക്കുമാറ്റി. ഇതൊന്നും വകവെക്കാതെ താന്‍ പാര്‍ട്ടിയോടുള്ള കൂറ് തുടര്‍ന്നു. എന്നിട്ടും, അഴഗപ്പനെ നിയമം മറികടക്കാന്‍ പാര്‍ട്ടി സഹായിക്കുന്നുവെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും അയാളെ ഒളിവില്‍പോകാന്‍ സഹായിച്ചുവെന്നും ഗൗതമി പറഞ്ഞു.

തനിക്ക് മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്ന് ഗൗതമി കത്തില്‍ പറയുന്നു. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും കത്തില്‍ ഗൗതമി എടുത്തു പറഞ്ഞു.

Continue Reading