NATIONAL
സ്വവര്‍ഗ വിവാഹത്തിന് അനുമതി നിഷേധിച്ച വിധി പുനഃപരിശോധിക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനെതിരായ സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി. രാജ്യത്ത് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധിക്കെതിരെയാണ് പുനഃപരിശോധന ഹര്‍ജി. ഭൂരിപക്ഷ വിധിയില്‍ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.
സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ ഒക്ടോബര്‍ 17 ന് സുപ്രിം കോടതി തള്ളിയിരുന്നു. സ്വവര്‍ഗ വിവാഹം അംഗീകരിക്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് പാര്‍ലമെന്റാണെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനം.
മുന്‍ ഹര്‍ജിക്കാരില്‍ ഒരാള്‍ തന്നെയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. ഭൂരിപക്ഷ വിധിയില്‍ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്ന് ഹര്‍ജി നല്‍കിയ ഉദിത് സൂദ് ചൂണ്ടിക്കാണിക്കുന്നത്. ഹര്‍ജിക്കാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയെങ്കിലും ന്യായം ഉറപ്പാക്കാന്‍ വിധിക്കു കഴിഞ്ഞില്ല എന്നാണ് ആക്ഷേപം.1954ലെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിയമ വിധേയമാക്കണമെന്ന 21 ഹര്‍ജികളിലാണ് സുപ്രിംകോടതി വിധി പറഞ്ഞത്.
2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളം വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണ ഘടന ബെഞ്ച് വിധി പറഞ്ഞത്.