Connect with us

Entertainment

നടൻ വിനോദ് തോമസിന്റെ മരണംകാറിനുള്ളിലുണ്ടായ വിഷവാതകം ശ്വസിച്ചതാവാമെന്ന് സംശയം

Published

on

കോട്ടയം: കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ (47) മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും. എസി തുടർച്ചയായി പ്രവർത്തിച്ചതിനെ തുടർന്ന് കാറിനുള്ളിലുണ്ടായ വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പാമ്പാടി കാളച്ചന്ത ഡ്രീം ലാൻഡ് ബാറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 12നാണ് വിനോദ് ബാറിലെത്തിയതെന്ന് പൊലീസ് പറയുന്നു. നേരം വൈകിയിട്ടും കാറിനുള്ളിൽ നിന്ന് ഇറങ്ങാതെ വന്നതോടെ സുരക്ഷ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മീനടം ഉണക്കപ്ലാവിൽ തനിച്ചു താമസിക്കുകയായിരുന്നു. അവിവാഹിതനാണ്.

അയ്യപ്പനും കോശിയും,കുട്ടൻ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിൽ മിക്കതും അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നു വിനോദിന് ലഭിച്ചത്. അതിനാൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

കാറിന്റെ എസി ഓണാക്കി ഉള്ളിൽ ഇരിക്കുന്നവരും ഉറങ്ങുന്നവരും ഏറെ സൂക്ഷിക്കാനുള്ളത് കാർബൺ മോണോക്സൈഡ് എന്ന് വിഷവാതകത്തെയാണ്. നിറുത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ എൻജിൻ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാതകം അല്പാല്പം ഉയരാൻ സാദ്ധ്യതയുണ്ട്. മണമോ നിറമോ ഇല്ലാത്തതിനാൽ ഇത് നിറയുന്നത് അറിയില്ല. വിൻഡോ ഗ്ളാസുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇത് ശരീരത്തിനുള്ളിൽ എത്തിയാൽ മരണംവരെ സംഭവിക്കാം. ആന്തരികാവയവങ്ങൾക്ക് ഓക്സിജൻ എത്തിക്കുന്നത് തടയുകയാണ് ഇത് ചെയ്യുന്നത്. അധികം വൈകാതെ മരണവും സംഭവിക്കും. അതിനാൽ നിശബ്ദ്ധനായ കൊലയാളി എന്നാണ് കാർബൺ മോണോക്സൈഡിനെ അറിയപ്പെടുന്നത്. കേരളത്തിൽ ഉൾപ്പടെ നിരവധി പേർ കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചിട്ടുണ്ട്.

Continue Reading