KERALA
പറവൂർ നഗരസഭാധ്യക്ഷയെ സതീശൻ ഭീഷണിപ്പെടുത്തി നവകേരള സദസ്സിന് പണം നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തി

വടകര: യു.ഡി.എഫ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകരയില്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട വിർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ നഗരസഭാ അധ്യക്ഷയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
‘ യു.ഡി.എഫ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുന്നു. പറവൂര്‍ നഗരസഭ, നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്, പറവൂര്‍ നഗരസഭാ അധ്യക്ഷയെ ഭീഷണിപ്പെടുത്തി. തീരുമാനം പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല’- മുഖ്യമന്ത്രി പറഞ്ഞു. പറവൂരില്‍ മാത്രമല്ല മറ്റ് പലയിടങ്ങളിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പലരും നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത തീരുമാനങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യു.ഡി.എഫ് ഭരിക്കുന്ന മണ്ഡലങ്ങളില്‍പ്പോലും നവകേരളയാത്രയിൽ
വലിയ ജനപങ്കാളിത്തമുണ്ടായത്. ഇന്നലെ പര്യടനം പൂര്‍ത്തിയാക്കിയ വയനാട്ടില്‍ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടെണ്ണം യു.ഡി.എഫ്. പ്രതിനിധികളുടെ മണ്ഡലമാണ്. ബത്തേരിയിലും കല്‍പ്പറ്റയിലും അവിടുത്തെ എം.എല്‍.എമാര്‍ വന്നില്ല എന്നത് ശരിയാണ്. കനത്തമഴ ഉണ്ടായിട്ടും ജനസഹസ്രങ്ങള്‍ പരിപാടിയ്ക്ക് വന്നു. മാനന്തവാടിയിലും ആവേശകരമായ ആള്‍ക്കൂട്ടം ഉണ്ടായി. അത് കഴിഞ്ഞ് വരുമ്പോള്‍ റോഡിനരികില്‍ മുഴുവന്‍ ജനങ്ങളായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോവാതെ കാത്ത് നില്‍ക്കുന്ന കുട്ടികളും ഉണ്ടായിരുന്നു. റോഡ് സൈഡില്‍ നിന്ന് ആ കുഞ്ഞുങ്ങള്‍ കൈ വീശുന്നു. ഒപ്പം സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. വയനാട്ടില്‍ ഇത്ര വലിയ ജനപങ്കാളിത്തം ഉണ്ടാവാനുള്ള കാരണം അവിടുത്തെ അടിസ്ഥാന ജനത്തിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവന്നു എന്നതാണ്. അതിന്റെ പ്രതിഫലനമാണ് അവിടെയുണ്ടായതെന്നു പിണറായി ചൂണ്ടിക്കാട്ടി. .
തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റിങ് നടത്തിയ സംസ്ഥാനം കേരളമാണ്. 2023-2024 സോഷ്യല്‍ ഓഡിറ്റിലെ ആദ്യ ആറുമാസത്തെ കണക്ക് കേന്ദ്രം പുറത്തുവിട്ടപ്പോള്‍ കേരളമാണ് മുന്നില്‍. 99.5 പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി. ബീഹാറാണ് രണ്ടാമത്. 66.4 ആണ് അവരുടെ ശതമാനം. 64.1 ശതമാനവുമായി ജമ്മുവും 60.4 ശതമാനവുമായി ഒഡിഷയും മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കേരളത്തിന് പുറമേ ഈ സംസ്ഥാനങ്ങള്‍ മാത്രമാണ് 60 ശതമാനത്തിന് മുകളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.