KERALA
സുധാകരന്റെ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം

ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്കുപുറത്തും സ്വീകാര്യരാകണമെന്ന മുന്‍മന്ത്രി ജി. സുധാകരന്റെ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.എം.. ചൊവ്വാഴ്ച ആലപ്പുഴയിലെ ഒരു ചടങ്ങില്‍ സുധാകരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടുതന്നെയാണെന്നാണു വിലയിരുത്തല്‍.
കേരളത്തില്‍ സി.പി.എമ്മിന് അഞ്ചരലക്ഷം അംഗങ്ങളാണുള്ളത്. അവരുടെ വോട്ടുകൊണ്ടുമാത്രം അധികാരത്തിലെത്താനാകില്ല. അതുതന്നെയാണ് സുധാകരന്‍ പറഞ്ഞതെന്ന് ഒരു സംസ്ഥാന കമ്മിറ്റിയംഗം ‘മാതൃഭൂമി’യോടു പറഞ്ഞു. അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞുവെന്നേയുള്ളൂ. 50 ശതമാനത്തില്‍ത്താഴെ വോട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളതെന്നും അതുകൊണ്ടാണ് അധികാരം മാറിവരുന്നതെന്നും പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളതാണ്.
വോട്ടുവിഹിതം 50 ശതമാനത്തിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വീടുകളില്‍ വോട്ടുതേടിപ്പോകുമ്പോള്‍ സമൂഹത്തില്‍ സ്വീകാര്യതയുള്ളവരാകണം ഒപ്പമുണ്ടാകേണ്ടത്. പാര്‍ട്ടി രേഖകളിലുള്ള ഇക്കാര്യങ്ങള്‍ തന്നെയാണ് സുധാകരനും പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍, വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് ജി. സുധാകരന്‍ പ്രതികരിച്ചു.
തെറ്റുകള്‍ പാര്‍ട്ടി സ്വയംതിരുത്താറുള്ളതാണ്. അതേകാര്യം മുതിര്‍ന്ന നേതാവ് പറയുന്നതില്‍ എന്താണ് പാര്‍ട്ടിവിരുദ്ധമായുള്ളത്- ഒരു നേതാവ് പ്രതികരിച്ചു. സുധാകരന്‍ ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസംഗത്തിനു നല്‍കിയെന്നു നേതാക്കള്‍ കരുതുന്നു.
പ്രസംഗം വാര്‍ത്തയായതോടെ കഥാകൃത്ത് ടി. പദ്മനാഭന്‍ ഉള്‍പ്പെടെ കുറെപ്പേര്‍ സുധാകരനെ വിളിച്ചുസംസാരിച്ചതായാണു വിവരം. ഇരുവരും തമ്മില്‍ നേരത്തേ അടുപ്പമുണ്ട്. ‘സഖാവ്’ എന്ന പദ്മനാഭന്റെ കഥയിലെ നായകന്‍ ജി. സുധാകരനുമായി സാമ്യമുള്ളയാളാണെന്നു വിലയിരുത്തലുണ്ടായിരുന്നു.
ആലപ്പുഴയിലെ പാര്‍ട്ടിയില്‍ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങള്‍ മനസ്സില്‍വെച്ചാണ് സുധാകരന്‍ പ്രസംഗിച്ചതെന്നു സൂചനയുണ്ട്. അംഗങ്ങളും നേതാക്കളും പ്രതിസ്ഥാനങ്ങളില്‍വന്ന ഒന്നിലേറെ സംഭവങ്ങള്‍ പാര്‍ട്ടിയെ ഉലച്ചിരുന്നു. പെട്ടെന്നു നടപടിയുണ്ടാകാഞ്ഞതും വിവാദങ്ങളിലുള്‍പ്പെട്ടവരെ ആദ്യം ന്യായീകരിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എല്ലാവര്‍ക്കുമെതിരേ പിന്നീടു നടപടിവന്നെങ്കിലും സംഭവങ്ങള്‍ പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയിരുന്നു.
പുതുതായി ജനപ്രതിനിധികളായ ചിലര്‍ മുന്‍ഗാമികളുടെ സംഭാവനകള്‍ ബോധപൂര്‍വം മറക്കുന്നതായും ജി. സുധാകരന്റെ പ്രസംഗത്തില്‍ സൂചനയുണ്ടായിരുന്നു.