KERALA
മുഖ്യമന്ത്രിയും ഗവർണറും നാളെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിടും

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിടും. അതേ സമയം ഗവർണർക്കെതിരേയുള്ള പ്രതിഷേധം എസ്എഫ്ഐ ശക്തമാക്കിയേക്കും. എസ്എഫ്ഐയുമായുള്ള വാക്പോരിനു പിന്നാലെ ഗവർണർ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർ രാജി വച്ച ഒഴിവിലേക്ക് കെ.ബി. ഗണേഷ് കുമാർ, കടന്നപ്പിള്ളി രാമചന്ദ്രൻ എന്നിവരാണ് അധികാരമേൽക്കാൻ ഒരുങ്ങുന്നത്.
ADVERTISEMENT

സംസ്ഥാന സർക്കാർ അധികാരമേറ്റ സമയത്തുണ്ടായിരുന്ന ഒത്തു തീർപ്പു പ്രകാരമാണ് മന്ത്രിമാർ രാജി വച്ചത്.പുതുതായി അധികാരത്തിലേറുന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹവും ശക്തമാണ്.
കെ.ബി. ഗണേഷ് കുമാറിന് സിനിമ വകുപ്പു കൂടി നൽകണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതു വരെ തീരുമാനമായിട്ടില്ല.”