KERALA
പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം ചർച്ചയാവുന്നു ,

തിരുവനന്തപുരം: കേരള സിഎം’ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിക്കൊണ്ടുള്ള ഗാനം മൂന്ന് ദിവസം മുമ്പാണ് ‘സജി പ്രൊഡക്ഷൻ ഹൗസ്’ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ മുപ്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്.
നിഷാന്ത് നിളയാണ് വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പിണറായി സർക്കാരിനെതിരെ ഉയർന്നുവന്ന സ്വർണക്കടത്ത് വിവാദം അടക്കമുള്ളവ ആസൂത്രിതമാണെന്ന രീതിയിലുള്ള രംഗങ്ങളാണ് വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.”പിണറായി വിജയന്‍…നാടിന്റെ അജയ്യന്‍…നാട്ടാർക്കെല്ലാം സുപരിചിതന്‍…തീയില്‍ കുരുത്തൊരു കുതിരയെ…കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ”മനസു ഡാ തങ്കം, മാസ് ഡാ പുള്ളി, നടന്നു വന്നാൽ പുലിയെടാ,മാസ് ഡാ അണ്ണൻ, ക്ലാസ് ഡാ അണ്ണൻ”-തുടങ്ങിയ വരികളും വീഡിയോയിലുണ്ട്. ബ്രഹ്ണൻ കോളേജിലെ പിണറായി വിജയന്റെ പാർട്ടി പ്രവർത്തനവും വീഡിയോയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ചില ഇടതുകേന്ദ്രങ്ങളിൽ നിന്നടക്കം വിമർശനം ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയനെ പുകഴ്ത്തിക്കൊള്ളുള്ള മെഗാ തിരുവാതിരയിലെ ഗാനം നേരത്തെ വിവാദമായിരുന്നു. കണ്ണൂർ ജില്ലയിലെ പി.ജെ ആർമി നേരത്തെ പി ജയരാജനെ സ്തുതിച്ച് പാടിച്ച ഗാനം വിവാദമായപ്പോൾ ജയരാജനെതിരെ പാർട്ടിക്കകത്ത് ശക്തമായ വിമർശനം ഉയർന്നിരുന്നു.