Connect with us

NATIONAL

പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി.നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷം

Published

on

അയോധ്യ: രാമമന്ത്രധ്വനി ഉയര്‍ത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ‘മുഖ്യ യജമാനന്‍’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു. ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ഗര്‍ഭഗൃഹത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍.
അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. പൂക്കളാലും വര്‍ണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളില്‍ ഓരോ 100 മീറ്ററിലും സ്റ്റേജുകള്‍ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നു. ഇന്നു പുലര്‍ച്ചെ മുതല്‍ ആഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രം നില്‍ക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും ഇന്നു പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിനു പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. ഒരു മണിക്ക് പരിസരത്തു തയാറാക്കിയ പൊതുസമ്മേളന വേദിയില്‍ മോദി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുന്നത്. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം ഇന്നു പുലര്‍ച്ചയോടെ തുടങ്ങി. രാവിലെ ജലാഭിഷേകവും നടന്നു.

 

Continue Reading