Connect with us

KERALA

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

Published

on

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ആരാധനാലയത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടിയായി കൊണ്ടാടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ട്രസ്റ്റ് പലരെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള നാം ചടങ്ങില്‍ പങ്കെടുക്കാതെ മതേതര മൂല്യങ്ങളോടുള്ള പ്രതിബന്ധത ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ പരിപാടിക്ക് കിട്ടിയ ക്ഷണം നിരസിക്കുകയാണ് വേണ്ടത്.
ഈ അവസരം മതേതരത്വവും സാഹോദര്യവും മതവും ഭാഷകളും പ്രദേശികവുമായ ഐക്യവും ഊട്ടിഉറപ്പിക്കാനുള്ള അവസരമായി കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ശാസ്ത്രപരതയിലൂടെ, മാനവികതയിലൂടെ പരിഷ്‌കരണങ്ങള്‍ക്കുള്ള മനസോടെ മുന്നോട്ടു കുതിക്കട്ടെയെന്നും വിഡിയോ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്. സ്വാതന്ത്ര്യസമര കാലം മുതല്‍ അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗം. വിശ്വാസികളും ഏതെങ്കിലും മതത്തില്‍ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാര്‍ക്കും തുല്യാവകാശമാണ്. മതവിശ്വാസം സ്വകാര്യകാര്യമാണ്.
എല്ലാ വിഭാഗക്കാരും തുല്യഅവകാശം അനുഭവിക്കുന്നു എന്ന് ഭരണഘടന അനുസരിച്ച് പ്രതിജ്ഞ എടുത്ത് അധികാരത്തിലേറുന്നവര്‍ ഓര്‍ക്കണം. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത്. ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഇന്ത്യയുടെ മതേതരത്വം എന്നാല്‍ മതവും രാഷ്ട്രവും വിഭിന്നമാണ് എന്നാണ്. അത് നിലനിര്‍ത്തിയ പാരമ്പര്യമാണ് നമുക്കുള്ളത്. രാഷ്ട്രവും മതവും തമ്മിലുള്ള അതിര്‍വരമ്പ് ഇപ്പോള്‍ ചുരുങ്ങി വരുന്നു. ഭരണഘടനാ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വിലക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം അത് മതേതരമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പ്രക്രിയയായിരുന്നു. ആ കാലഘട്ടത്തില്‍ നിന്നും നാം പിന്നോട്ടു പോയതായും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading