Education
ക്ലസ്റ്റര്‍ യോഗം : 27 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് അവധി

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റര്‍ പരിശീലനം ഈ മാസം 27 ന് നടക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരും യുപിതലത്തില്‍ 40,036 അധ്യാപകരും ഹൈസ്‌കൂള്‍ തലത്തില്‍ 42,989 അധ്യാപകരും ആണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ക്ലസ്റ്റര്‍ പരിശീലനത്തിനുശേഷം ക്ലാസില്‍ നടന്ന പഠന പ്രവര്‍ത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിര്‍ണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കല്‍, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകള്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിന് സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നല്‍കുക എന്നിവയാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഭാഗമായി ഉള്ളത്.
എല്‍ പി തലം ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപിതലം വിഷയാടിസ്ഥാനത്തില്‍ ബി.ആര്‍സി തലത്തിലും ഹൈസ്‌കൂള്‍ തലം വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടക്കുന്നത്. 40-50 അധ്യാപകര്‍ക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റര്‍ പരിശീലനം.
ക്ലസ്റ്റര്‍ യോഗം നടക്കുന്നതിനാല്‍ ഈ മാസം 27 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.”