Connect with us

KERALA

ശബരിമലയില്‍ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍

Published

on

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. എം.വിന്‍സന്റ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി രാധാകൃഷ്ണൻ.

ശബരിമലയില്‍ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് നേരിടേണ്ടി വന്നതെന്ന് എം. വിന്‍സെന്റ് എം.എല്‍.എ ആരോപിച്ചു.

ഭക്തര്‍ക്ക് പമ്പയിലെത്തി മാല ഊരി സന്നിധാനത്ത് എത്താതെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയില്‍നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി ആരോപിച്ചു. യഥാര്‍ഥ ഭക്തര്‍ ആരും മാല ഊരിയിട്ടോ, തേങ്ങയുടച്ചോ പോയിട്ടില്ല. കപടഭക്തന്മാര്‍ മാത്രമാണ് അത് ചെയ്തിട്ടുള്ളത് എന്നു മന്ത്രി കൂട്ടിച്ചേർത്തു.

ഭക്തര്‍ക്ക് ആദ്യഘട്ടത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ പിന്നീട് പരിഹരിക്കാന്‍ കഴിഞ്ഞു ശബരിമലയില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്ന പേരില്‍ പല വ്യാജപ്രചരണങ്ങളും നടന്നു. ഭക്തരെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നുവെന്ന തരത്തിലും പ്രചരണങ്ങളുണ്ടായി. ആന്ധ്രയില്‍ നടന്ന ഒരു മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ശബരിമലയിലെതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ മന്ത്രിയുടെ മറുപടിയ്ക്കുശേഷവും പ്രതിപക്ഷ എംഎല്‍എമാര്‍ ഈ വിഷയം ഉന്നയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഭക്തര്‍ പ്രതിഷേധിക്കുന്ന സാഹചര്യംവരെ ഉണ്ടായെന്നും മള്‍ട്ടി ലാംഗ്വേജ് തെറി കേള്‍ക്കേണ്ടിവന്നെന്നും പി.സി വിഷ്ണുനാഥ് എം.എല്‍.എ പരിഹസിച്ചു. പല സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ പലഭാഷകളിലും കുറ്റംപറയുന്നത് സംസ്ഥാന സര്‍ക്കാരിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading