KERALA
കെ. സുധാകരന്‍റെ പ്രതികരണത്തിൽ മറുപടിയായി ഫെയ്സ് ബുക്ക് പോസ്റ്റുമായ് ഷമ മുഹമ്മദ്

തിരുവനന്തപുരം: ഷമ മുഹമ്മദ് പാർട്ടിയിലെ ആരുമല്ലെന്ന് കെ. സുധാകരന്‍റെ പ്രതികരണത്തിൽ മറുപടിയായി ഫെയ്സ് ബുക്കിൽ എഐസിസി വക്താവെന്ന് പോസ്റ്റ് ചെയ്ത് ഷമ. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചെന്ന ഷമ മുഹമ്മദിന്‍റെ വിമർശനത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു സുധാകരൻ പ്രതികരിച്ചത്. അവരൊന്നും പാർട്ടിയുടെ ആരുമല്ല, വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ് ബുക്കിൽ എന്‍റെ ഐഡി എന്ന അടിക്കൂറിപ്പോടെ ഷമ പോസ്റ്റ് പങ്കുവച്ചത്.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പ്രതികരിച്ചിരുന്നു. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. നേതാക്കൾ സ്ത്രീകൾക്ക് പ്രാധാന്യം നൽകണം. തോൽക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനേയെന്നും ഷമ മുഹമ്മദ് വിമർശിച്ചിരുന്നു.