KERALA
പ്രധാനമന്ത്രി പാലക്കാട് എത്തി.റോഡ് ഷോ ആരംഭിച്ചു. തുറന്ന വാഹനത്തിൽ മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു

പാലക്കാട്: എൻഡിഎ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് എത്തി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്‌ടറിൽ പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ മോദിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ,സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന റോഡ് ഷോയിൽ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥികളും മോദിക്കൊപ്പം പങ്കെടുത്തു. വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ കാണാൻ എത്തിയത്. നഗരത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
റോഡ് മാർഗമാണ് പ്രധാനമന്ത്രി കോട്ടമൈതാനത്തെത്തിയത്. അഞ്ചുവിളക്ക് പരിസരത്ത് നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള ഒന്നരക്കിലോമീറ്ററാണ് റോഡ് ഷോ നടന്നത്. 10.50ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തിൽ സഞ്ചരിച്ച മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു. കുറച്ചുദൂരം റോഡിലിറങ്ങി നടക്കാനും സാദ്ധ്യതയുണ്ട്.. റോഡ് ഷോയ്ക്കുശേഷം മോയൻ സ്‌കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്‌കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തിയാണ് അദ്ദേഹം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നത്.
റോഡ് ഷോ നടക്കുന്ന പ്രദേശത്തായി കെ ജിയുടെ നേതൃത്വത്തിൽ 5000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.