KERALA
എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്. എല്ലാ വർഗീയതയെയും എതിര്‍ക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ തള്ളി കോണ്‍ഗ്രസ്. എല്ലാ വർഗീയതയെയും എതിര്‍ക്കുമെന്നും എസ്ഡിപിഐ പിന്തുണ വേണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പ്രതികരിച്ചു. വ്യക്തികള്‍ക്ക് സ്വതന്ത്രമായിവോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്നും അദ്ദേഹം പ്രതികരിച്ചു.
എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചത് പോലെയാണ്. എസ്ഡിപിഐയുമായി ഡീലുണ്ടെങ്കില്‍ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയും ബിജെപിയും വീണ്ടും ചങ്ങാതിമാരായി. വയനാട്ടിലെ പതാക വിവാദം ഇതിനു ഉദാഹരണമാണ്. കഴിഞ്ഞതവണ പതാക വിവാദമുയര്‍ത്തിയത് ബിജെപിയാണെന്നും ഇത്തവണ മുഖ്യമന്ത്രി ആ വാദം ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബിജെപിയെ സന്തോഷിപ്പിക്കാനും സഹായിക്കാനും ആണ് രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു”