KERALA
പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി വിജയിക്കുമെന്നും അനിൽ തോൽക്കണമെന്നും എ.കെ ആന്‍റണി. അച്ഛനോട് സഹതാപം മാത്രമെന്ന് അനിൽ ആന്‍റണി

തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകാത്തത് ആരോഗ്യപരമായ കാരണങ്ങളാലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. കെ.കരുണാകരന്‍റെ മകൾ പത്മജ വേണു ഗോപാലും ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിയും ബിജെപിയിലേക്കു പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട, താൻ ആ ഭാഷ ശീലിച്ചിട്ടില്ലെന്നായിരുന്നു ആന്‍റണിയുടെ മറുപടി. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണ്. തന്‍റെ മതം കോൺഗ്രസ് ആണ്. കെഎസ് യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്‌ട്രീയം വേറെ എന്ന നിലപാടാണ് തനിക്കുള്ളത്. ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകും.
താൻ പ്രചാരണത്തിന് പോയില്ലെങ്കിലും പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി വിജയിക്കുമെന്നും അനിൽ തോൽക്കണമെന്നും ആന്‍റണി മറുപടി പറഞ്ഞു. ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കപ്പെടും.
ഭരണഘടന ഉണ്ടാക്കിയത് കോൺഗ്രസും അംബേദ്കറും ചേർന്നാണ്. അതിൽ ഒരവകാശവും ബിജെപിക്കോ മറ്റാർക്കുമോ ഇല്ല. ആ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ആന്‍റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതിനിടെ അച്ഛന് മറുപടിയുമായ് മകൻ അനിൽ ആൻ്റണി രംഗത്ത് വന്നു.മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയോട് സഹതാപം മാത്രമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൂടിയായ അനിൽ ആന്‍റണി പറഞ്ഞു. എ.കെ. ആന്‍റണി മുൻ പ്രതിരോധ മന്ത്രിയാണ്. എന്നാൽ പാക്കിസ്ഥാനെ വെള്ള പൂശാൻ ശ്രമിച്ച ഒരു എംപിക്കു വേണ്ടി അദ്ദേഹം സംസാരിച്ചപ്പോൾ വിഷമമാണ് തോന്നിയത്. രാഷ്ട്ര വിരുദ്ധമായി പ്രവർത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും അനിൽ പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും.
ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെ കാലഹരണപ്പെട്ട കോൺഗ്രസ് നേതാക്കൾ കുരച്ചു കൊണ്ടേയിരിക്കുകയാണ്. 15 വർഷമായി പത്തനംതിട്ടയിൽ വികസനമുണ്ടായിട്ടില്ല. കോൺഗ്രസ് പഴയ കോൺഗ്രസല്ല. തീവ്ര നിലപാടുകളുള്ള ചില വോട്ടുകൾക്കു വേണ്ടി ആന്‍റോ ആന്‍റണി ഇന്ത്യയെ തള്ളിപ്പറഞ്ഞു.
രാജ്യവിരുദ്ധമായ നയങ്ങൾ എടുക്കുന്നതു കൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിനെ ഇന്ത്യൻ ജനത ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നും അനിൽ ആന്‍റണി പറഞ്ഞു.
“