KERALA
ആവേശം നിറച്ച് രാഹുലിൻ്റെ റോഡ് ഷോ, അണിനിരന്ന് ആയിരങ്ങൾ

ബത്തേരി : വയനാട് ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി. ബത്തേരിയിലാണ് രാഹുലിന്റെ ആദ്യത്തെ റോഡ് ഷോ. തുടർന്ന് പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. മാനന്തവാടി രൂപതാ ആസ്ഥാനത്തും സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു. ബത്തേരിയിലേക്കെത്തിയ കാറിൽ തന്നെയാണ് രാഹുൽ റോഡ് ഷോ നടത്തുന്നത്.
റോഡ് ഷോയ്ക്കായി തുറന്ന വാഹനം തയാറാക്കിയിരുന്നെങ്കിലും കാറിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബത്തേരി എംഎൽഎയായ ഐ.സി.ബാലകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കൊപ്പം കാറിൽ സഞ്ചരിക്കുന്നത്.