Entertainment
നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച പൂരം പുനരാരംഭിച്ചു. വെടിക്കെട്ട് പകല്‍വെളിച്ചത്തില്‍നടത്തി.

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. പകല്‍വെളിച്ചത്തില്‍ വെടിക്കെട്ട് നടത്തിയതിനാല്‍ വെടിക്കെട്ടിന്റെ വര്‍ണശോഭ ആസ്വദിക്കാന്‍ പൂരപ്രേമികള്‍ക്ക് സാധിച്ചില്ല. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്താന്‍ തയ്യാറായിട്ടുണ്ട്. രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയിലായിരിക്കും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. മന്ത്രി കെ.രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിക്കെട്ട് നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതര്‍ എത്തിയത്.
പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈര്‍ഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതര്‍ എത്തുകയാണെങ്കില്‍ പൂരപ്രേമികള്‍ക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കില്‍ ഉപചാരം ചൊല്ലി പിരിയല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ വൈകുന്നതിന് കാരണമാകും.
രാത്രിപ്പൂരത്തിനിടയിലെ പൊലീസ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചത്.
രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.
പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇന്നലെയും കമ്മിഷണറുടെ നേതൃത്വത്തില്‍ മഠത്തില്‍ വരവിലടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പൂരപ്രേമികളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. രാത്രിയില്‍ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു വീണ്ടും പ്രശ്‌നമായത്. പൂരം വെടിക്കെട്ടിനു വേണ്ടി ഒരുക്കിയ ബാരിക്കേഡാണിത്. തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.
തുടര്‍ന്ന് തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാല്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി വിഭാഗം അറിയിച്ചു. ചിലപ്പോള്‍ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാകും നടത്താന്‍ സാധിക്കുക. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തി സമയം തീരുമാനിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി കെ. രാജന്‍ വീണ്ടും നടത്തിയ ചര്‍ച്ചയില്‍ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താന്‍ തയാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിച്ചു. തീരുമാനം വന്നതിനു പിന്നാലെ അണച്ച പന്തല്‍ ലൈറ്റ് തെളിച്ചു.”