NATIONAL
മോദി രാജ്യത്ത് അഴിമതിയുടെ സ്‌കൂളാണ് നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതിയുടെ സ്‌കൂളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. ‘കറപ്ഷന്‍ സയന്‍സ്’ വിഷയത്തില്‍ ‘ഡൊണേഷന്‍ ബിസിനസ്’ ഉള്‍പ്പെടെ എല്ലാ ചാപ്റ്ററുകളും അദ്ദേഹം വിശദമായി പഠിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ മോദിയെ വിമര്‍ശിച്ചത്.
‘അതുപോലെ, എങ്ങനെയാണ് റെയ്ഡ് വഴി സംഭാവനകള്‍ ശേഖരിക്കുന്നത്? എങ്ങനെയാണ് സംഭാവനകള്‍ ശേഖരിച്ചതിന് ശേഷം കരാറുകള്‍ വിതരണം ചെയ്യുന്നത്? എങ്ങനെയാണ് അഴിമതിക്കാരുടെ കറകളെ കഴുകിക്കളയുന്ന വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത്? ഏജന്‍സികളെ റിക്കവറി ഏജന്റുകളാക്കി എങ്ങനെയാണ് ‘ബെയില്‍ ആന്റ് ജെയില്‍’ ഗെയിം കളിക്കുന്നത്?’ -എന്നീ വിഷയങ്ങളും പഠിപ്പിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി അഴിമതിക്കാരുടെ ഗുഹയായി മാറി. ഇന്ത്യ മുന്നണിയുടെ സര്‍ക്കാര്‍ അഴിമതിയുടെ ഈ സ്‌കൂള്‍ പൂട്ടുമെന്നും ഇത് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.