Crime
സുഗന്ധഗിരി കേസില്‍ ഡിഎഫ്ഒയുടെ വിശദീകരണം തേടാതെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയതെന്നും അതിനാലാണ് പിന്‍വലിച്ചതെന്നും വനംമന്ത്രി

കല്‍പറ്റ: സുഗന്ധഗിരി മരം മുറി കേസില്‍ ഡിഎഫ്ഒയുടെ വിശദീകരണം തേടാതെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയതെന്നും അതിനാലാണ് പിന്‍വലിച്ചതെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വിശദീകരണം തേടാതെ ഉത്തരവിറക്കിയതില്‍ തെറ്റുപറ്റിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട പരാതി വന്നപ്പോള്‍ പ്രാഥമിക അന്വേഷണം നടത്തി. അത് തൃപ്തികരമാകാത്തതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനിടെയാണ് ഡിഎഫ്ഒയോട് വിശദീകരണം തേടാതെ സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയത്.
നടപടിക്രമം പാലിക്കാതെയുള്ള ഉത്തരവായതിനാല്‍ കോടതിയില്‍ പോയാല്‍ ഉത്തരവ് നിലനില്‍ക്കില്ല. അതിനാലാണ് നിയമപരമായ പിഴവ് തിരുത്തിയത്. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണ് പിഴവു പറ്റിയ കാര്യം അറിഞ്ഞത്. രാഷ്ട്രീയ ഇടപെടലുണ്ടായില്ല. തിരഞ്ഞെടുപ്പ് ആയതിനാല്‍ മന്ത്രി നേരിട്ട് പല കാര്യങ്ങളിലും ഇടപെടാറില്ല. ഡിഎഫ്ഒയില്‍നിന്ന് വിശദീകരണം ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.
ഒറ്റപ്പെട്ട ഇടങ്ങളില്‍ അനധികൃതമായി മരം മുറി നടക്കുന്നുണ്ട്. അതിനെതിരെയെല്ലാം ശക്തമായ നടപടി എടുക്കും. യുഡിഎഫിന്റെ ഒരു എംപി പോലും വനം നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാന്‍ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്താണ് എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. അദ്ദേഹത്തിന് മൃദുഭാഷ ഉപയോഗിക്കാമായിരുന്നു. ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാത്തതിലുള്ള അസഹിഷ്ണുതയാണത്. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആരും ആക്ഷേപിച്ചില്ല. പക്ഷേ രാഹുല്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചു. ഇത് സഖ്യത്തെ സാരമായി ബാധിക്കും. പതാക പാര്‍ട്ടിയുടെ അഭിമാനമാണ്. അത് പ്രചാരണത്തില്‍നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് കോണ്‍ഗ്രസ് യുക്തിസഹമായ മറുപടി പറയണം. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് കോണ്‍ഗ്രസിന് പദ്ധതിയില്ല. കോണ്‍ഗ്രസിന്റെ അന്ധമായ ഇടതുപക്ഷ വിരോധത്തില്‍ അറുതി വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു