KERALA
സോളാർ സമരം വി.എസിന്റെ വാശിയായിരുന്നു.തിരുവഞ്ചൂരുമായി ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ പറഞ്ഞിട്ടാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പായതിനു പിന്നിലെ വിശദാംശങ്ങളെക്കുറിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് സംസാരിച്ചത് താൻ പറഞ്ഞിട്ടാണെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. തിരുവഞ്ചൂരുമായി തനിക്ക് ആത്മബന്ധം ഉണ്ടായിരുന്നതായും യാദൃശ്ചികമായി തിരുവഞ്ചൂരിന്റെ വീട്ടിൽ പോയപ്പോഴാണ് ഇക്കാര്യം ചർച്ചയായതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.സോളാർ സമരം വി.എസിന്റെ വാശിയായിരുന്നു. ഇടത് മുന്നണിക്കും തിരുവഞ്ചൂർ രാധാകൃഷ്‌ണനും സമരം ഒത്തുതീർപ്പാകാൻ താൽപര്യമുണ്ടായിരുന്നു. സമരം അവസാനിക്കേണ്ടത് രണ്ട് കൂട്ടരുടെയും ആവശ്യമായിരുന്നു. സമരം ദുരന്തമായി അവസാനിക്കാതിരിക്കേണ്ടത് ഇരുകൂട്ടരുടെയും ആവശ്യമായിരുന്നെന്നും അതിനുള്ള ഇടപെടലാണ് നടത്തിയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്നാണ് ജോൺ ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ. അദ്ദേഹവുമായി സോളാർ ചർച്ച നടത്തിയിട്ടില്ലെന്നും അത് വെറും ഭാവനയാണെന്നുമാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. സോളാർ സമരം അവസാനിച്ചതിൽ സന്തോഷിച്ചത് സിപിഎം അണികളാണെന്ന് അതേസമയം ചെറിയാൻ ഫിലിപ്പ് പറഞ്ഞു.അതേസമയം, സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതൃത്വത്തിന്റെ നിർദേശാനുസരണം ജോൺ ബ്രിട്ടാസ് സമരം അവസാനിപ്പിക്കാൻ തന്നെ വിളിച്ചെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ, എന്നായിരുന്നു ഫോണിൽ വിളിച്ച് ബ്രിട്ടാസ് തന്നോട് ചോദിച്ചതെന്ന് ജോൺ മുണ്ടക്കയം പറയുന്നു.