NATIONAL
യഥാർഥ സേവകൻ അഹങ്കാരിയല്ല’; മോദിക്കെതിരെ പരോക്ഷവിമർശനവുമായി മോഹൻ ഭാഗവത്

നാഗ്പുര്‍: യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാവില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. നരേന്ദ്ര മോദിക്കെതിരെ പരോഷ വിമർശനം തന്നെയാണ് ഭഗവത് ഉയർത്തിയത് .ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രേഷിംബാഗിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതിഭവനില്‍ സംഘടിപ്പിച്ച ആര്‍.എസ്.എസ്. പരിശീലനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യഥാര്‍ഥ സേവകന്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും മാന്യതപുലര്‍ത്തും. അത്തരത്തിലുള്ളവര്‍ അവരുടെ ജോലിചെയ്യുമ്പോള്‍ തന്നെ അതില്‍ അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്‍ മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്‍ യോഗ്യനാകൂ’, മോഹന്‍ ഭാഗവത് പറഞ്ഞു.
തിരഞ്ഞെടുപ്പെന്നാല്‍ മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തിരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപംചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്‍ സമൂഹത്തില്‍ ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്‍ പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്‍ രാജ്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഭാഗവത് ചോദിച്ചു.
പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്‍, തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മര്യാദകള്‍ താനെ പാലിക്കപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം പ്രവര്‍ത്തിക്കേണ്ടത് സമവായത്തിലൂടെയാണ്. പാര്‍ലമെന്റില്‍ രണ്ടുപക്ഷങ്ങളുണ്ട്, രണ്ടും കേള്‍ക്കപ്പെടേണ്ടതാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി മണിപ്പുര്‍ സമാധാനംകാംഷിക്കുകയാണ്. തോക്കുസംസ്‌കാരം അവസാനിച്ചുവെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, പെട്ടെന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പുര്‍ ഇപ്പോഴും കത്തുകയാണെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.